Sunday

എന്റെ അടുക്കലേക്ക്
അതേ കാട്ടുവഴി.

യാത്രയിൽ ഒരിടത്തു 
ഒരു ഗന്ധർവ്വനോ
യക്ഷിയോ
നിന്നോട് കുശലം ചോദിച്ചെന്നിരിക്കാം.

ഒരു മുത്തശ്ശി
എവിടെക്കെന്ന്
ഉറക്കെ വിളിച്ചു ചോദിച്ചെന്നും വരാം.

തുള്ളിച്ചാടിക്കൊണ്ട് ഒരു മാൻകുട്ടിയോ
വല്ലാതെ മുരളുന്ന ഒരു കാട്ടുപന്നിയോ
വഴിയിൽ വന്നുപോയേക്കാം.

ഒരു കിളി
ചില്ലയിൽ തണലിനെക്കുറിച്ചോ
ഒരു മരം
വേരുകളാൽ വേനലിനെക്കുറിച്ചോ
അടയാളം ചൊല്ലിയെന്നിരിക്കാം.

ഓറഞ്ചു മീനുകൾ
ഒഴുകിപ്പോകുന്ന അരുവിയോ
ആരും മുഖം നോക്കാത്തൊരു
ആമ്പൽക്കുളമോ
പേരുചൊല്ലി വിളിച്ചെന്നിരിക്കാം.

അതൊന്നുമില്ലെങ്കിലും
എന്റെ അടുക്കലേക്ക്
നിന്നെ കൈപിടിച്ചു നടത്തും
പേരിടാത്തൊരു കവിത.
കാട്ടുവഴി പോലെ ഒന്ന്.

മറക്കേണ്ട. 
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌