Monday

എനിക്ക് കവചമായ്
നീ തന്ന സ്നേഹലവണം,
എനിക്ക് സ്പന്ദനമായ്
നിന്റെ ശബ്ദത്തിന്റെ ആവർത്തനം,
എന്നിലെ തിരകളിലെ കലാപം മുഴുവൻ
ഒരു മുഷ്ടിയിലൊതുക്കിയ നിന്റെ കരുത്ത്..
ശംഖേ നിനക്ക് പകരമാകാൻ
എന്റെ ആകാരവും
എന്നിലെ ആഴവും
മതിയാവില്ല,

നിന്നിലേക്കുള്ള
പാതിമുറിഞ്ഞ തീർത്ഥാടനമാണ്‌
എന്റെ തിരയാത്രകളത്രയും.


നിന്നെ സ്നേഹിച്ച നാള്‍ മുതലാണ് ഞാന്‍
വേനലിനേയും സ്നേഹിച്ച് തുടങ്ങിയത്.

നിന്നിലെ വേനലില്‍ വിയര്‍ത്തപ്പോഴാണ്
എന്നിൽ മഴ തോരാതെ പെയ്തത്.
എന്നിലിപ്പോള്‍ എന്നും
വേനലിന്റെ ഉള്ളറിഞ്ഞ ആദ്യമഴയുടെ ഗന്ധം.

ഞാന്‍,
നീ വിരിച്ചിട്ട വേനലിലിഴചേര്‍ന്ന മഴനൂല്‍.



Sunday



' തനിച്ചായ് പോകുന്നവരെല്ലാം 
  ആ ജന്മം
  ദൈവങ്ങളാകുന്നെന്ന്  '

എനിക്ക്
പറഞ്ഞു തന്നിട്ടുള്ളത്
നീ തന്നെയാണ് :-)






ചില മുഖങ്ങള്‍ ഓര്‍മ്മകളുണര്‍ത്തും;

അന്നുവരെ സ്നേഹം തന്നിട്ടുള്ളവരെയെല്ലാം അന്നേരമോര്‍ക്കും.


ഒരു വാതില്‍ തുറന്ന്

നാം എത്തിച്ചേരാൻ കാത്തിരുന്ന ഒരു ലോകത്തേക്ക് കയറിചെല്ലുന്നതുപോലൊരനുഭവം ചിലര്‍ തരും.


ആ മുഖം അങ്ങനെയായിരുന്നു

ചില നേരങ്ങളിൽ നമുക്കുള്ളിൽ പ്രണയം നിറഞ്ഞു തുളുമ്പാറുള്ളത് അറിഞ്ഞിട്ടുണ്ടോ?

അതെങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ഇങ്ങനെയാവാമത്:

പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും-

നക്ഷത്രങ്ങൾ,
മരങ്ങൾ,
മഞ്ഞു വീണ പുല്ക്കൊടി,
നിറഞ്ഞൊഴുകുന്ന പുഴ,
വിസ്മയങ്ങൾ ഒളിപ്പിച്ച കടലാഴങ്ങൾ,
മുളപൊട്ടുന്ന വിത്തുകൾ;

ആദ്യമായ് സ്നേഹമറിഞ്ഞവർ,
അതിന്റെ ഉണർവ്വിൽ പിറന്ന ജീവന്റെ ആദ്യകോശങ്ങൾ,
സ്നേഹഭംഗങ്ങളെ ഹൃദയപൂർവ്വം സ്വീകരിച്ചവർ,
യാത്രപോയവർക്കു വേണ്ടി
വീടിന്റെ വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുന്നവർ,
അലഞ്ഞു തിരിയുന്നവർ-

അങ്ങനെ എല്ലാ ചരാചരങ്ങളും
നമ്മെ സ്നേഹിക്കുന്ന ചിലനിമിഷങ്ങളുണ്ട്.

അവരിലെ പ്രണയം;
അവരറിയാതെ,
നാമറിയാതെ ,
നമ്മോട് പങ്കുവയ്ക്കുന്ന ചില നിമിഷങ്ങൾ.

നമ്മെ സ്നേഹിക്കാത്തവരായ്,
നമുക്ക് സ്നേഹിക്കാനില്ലാത്തവരായ്
ആരുമില്ലെന്ന് എല്ലാവരുമറിയുന്ന നിമിഷം.

അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ നിമിഷത്തിലാണ്‌ നമ്മിലെ പ്രണയം പൂർണ്ണമാകുന്നത്!


ഇന്നലെ നീയതറിഞ്ഞു.
ഇന്ന് ഞാനും.

വിസ്മയം കൊണ്ട് വിറച്ചു പോയ എന്റെ ഹൃദയം നിന്റേതിനോട് ചേർത്ത് വയ്ക്കുന്നു.


എനിക്കുള്ളിലെ പ്രണയം മുഴുവൻ പറഞ്ഞു പെയ്തൊഴിഞ്ഞെന്ന് അടുത്ത വാക്കിൽ ,
അല്ലെങ്കിൽ
അതിനടുത്ത വാക്കിൽ പറയാമെന്ന് കരുതിക്കൊണ്ടിരുന്നാലും അതവസാനിക്കുന്നില്ല.

ഇനിയുള്ള കാലത്തിലേക്കൊഴുകാൻ എനിക്കിതുമതി.

പലതോണിയിൽ,
പലർക്ക് തുഴയായ്
പലരിലേക്ക്
,പലപ്പോഴായ് ഒഴുകിത്തുടങ്ങുമ്പോഴും
എല്ലായിടത്തും നിറയുന്നത്
നമുക്കുള്ളിലെ പ്രണയമാണ്‌.

സ്നേഹത്തിലേക്ക് നടന്നുപോകാൻ ആഗ്രഹിക്കാത്തവർ എങ്ങനെ അറിയും-
 അവിടേക്കൊരു വഴിയുണ്ടെന്ന്?
ഏതെങ്കിലുമൊരിടത്തു വെച്ച് നമ്മെ ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ ഒരാളുണ്ടാകുമെന്ന്!!

മറവികളിലേക്കും
മുറിവുകളിലേക്കും
മാത്രമായ്
മുങ്ങിത്താഴ്ന്നു പോകുമായിരുന്ന
എന്നിലേക്ക്
പ്രണയത്തിന്റെ തളിർത്ത ഇലകൾ കൊഴിച്ച്
പ്രാണൻ പിടിച്ചു നിർത്തുന്നവനേ
നിന്റെ ചുണ്ടിൽ
കടിച്ചുമ്മവയ്ക്കുന്ന
ഉറുമ്പ്ജീവിതമായിരിക്കുന്നു എനിയ്ക്ക്.

നീറ്റലുണ്ടോ നിനക്ക്?
വല്ലാതെ മധുരിയ്ക്കുന്നു എനിയ്ക്ക്!


എത്ര മറക്കണമെന്ന്  പറഞ്ഞാലും
 പിരിയാതിരിയ്ക്കാനാണെനിക്കേറെ ഇഷ്ടം.
'എന്റെ' എന്ന്
നിനക്കെല്ലാതെ
മറ്റൊരാള്‍ക്കും
എന്നെ
അടയാളപ്പെടുത്താനാവില്ല.
" സ്നേഹിക്കുക.
ശ്വാസം, കാഴ്ച, കേൾവി പോലെ
ആ സ്നേഹം
പ്രാണന്റെ, ശീലങ്ങളുടെ ഒരു ഭാഗമാവുക.
രക്തകോശങ്ങൾ പോലെ ആ തോന്നൽ ഉള്ളിൽ നിരന്തരം ചലിച്ചുകൊണ്ടിരിയ്ക്കുക. "

ആ വിസ്മയത്തിന്റെ, അനുഭവങ്ങളുടെ പൂർണ്ണതയറിയാൻ
അത്രമേൽ സ്വയം മുഴുകണം ആ സ്നേഹത്തിൽ.
‘ആ ഒരാളിൽ’ എന്ന തപസ്സായിരിക്കണമത്.
അത്രയും ഭാഗ്യം ചെയ്യണം  നമ്മൾ.

ആ സ്നേഹം നമുക്ക് ചുറ്റിലും വലയം ചെയ്യും.
മറ്റുള്ളവരോടുള്ള നമ്മുടെ രീതികളെ അത് പരുവപ്പെടുത്തും.
മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ അത് ഇരട്ടിയാക്കും.
എല്ലാവരോടും നമുക്ക് സ്നേഹം തോന്നും.
നമുക്കുള്ളിലെ കാരുണ്യത്തെ, നന്മകളെ അത് പ്രകാശിപ്പിയ്ക്കും.

എന്തിന്‌ നമുക്കുള്ളിലെ ഭ്രാന്തിനെപ്പോലുമത് മധുരമാക്കും!

അറിഞ്ഞിട്ടുണ്ടോ അങ്ങനെയൊന്ന്??
ശീലിച്ചിട്ടുണ്ടോ അങ്ങനെയൊരു ധ്യാനം??



നാം
നിഴലുകൾ പിണച്ചുറങ്ങിയ
ഉച്ചവെയിൽ
നമ്മുടെ
പ്രണയത്തെ
ഇലകൾക്കിടയിൽ
എടുത്ത് വച്ചിട്ടുണ്ടാകണം.

ഞാൻ പറക്കുകയാണ്‌-
നീയാണെന്റെ ആകാശം.
നീ
വിരൽ തൊട്ടാൽ മാത്രം
ചിറകുകൾ മുളയ്ക്കുന്ന കിളികളെ
കൂട്ടിലിട്ടു വളർത്തുന്നുണ്ട്.
അവ ചേക്കേറുന്നത്
നിന്റെ
സ്വപ്നങ്ങളുടെ ചില്ലമേലാവണം.
ഓർമ്മകളുടെ ഉത്സവമാണ്.
നീ മാത്രം
കൂട്ടം തെറ്റി അലയുന്നു.
എന്നെയാണോ തിരയുന്നത്?
ശ്രീകോവിലിനകത്താണ്,
ദേവി എന്നാണ് പേര്!
നിന്നോടു മിണ്ടാൻ ശബ്ദം തിരഞ്ഞ് നടക്കുകയായിരുന്നു....
ചിലനേരങ്ങളിൽ മനസ്സ് കൊണ്ട്
ചിലനേരങ്ങളിൽ ദേഹം കൊണ്ട്
സ്വപ്നങ്ങൾക്കിടയിൽ പോലും...

മൗനത്തിന്റെ വെള്ളാരം കല്ലുകൾ കോർത്ത മാലയ്ക്കിടയിൽ തിരുകണ്ടേ
എന്റെ ശബ്ദത്തിൽ, ശ്വാസത്തിലൊരു മുത്തെങ്കിലും...
നീ
മഴയായ് മാറുന്ന നേരം നോക്കി
എന്നിലെ പ്രണയത്തിനു മീതെ
കുടയായ് വിടർന്നു പോകുന്നു
ഞാൻ!

നീ
മരമായ് മാറുന്ന
വഴികൾ  തോറും
മഴയായ് പെയ്ത് തിമിർക്കുന്നു
ഞാൻ.

നിന്റെ പ്രണയത്തിലൊന്ന് 
നന്നായി നനഞ്ഞതു പോലുമില്ലെന്ന്
ഞാനും 
എന്റെ പ്രണയം 
ഇനിയും പെയ്ത് തോർന്നില്ലെന്ന് 
നീയും 

ഓർമ്മകളിൽ 
ഒറ്റയ്ക്കിരുന്ന് 
ഉമ്മവയ്ക്കുന്നു!
:-(
കവിത -
പ്രണയത്തിന്റെ
ഒരു പങ്ക് ചോദിയ്ക്കലാണ്!
അലസനായ തന്റെ കാമുകനോടുള്ള
അവളുടെ സമരമാണ് !?
ആകാശത്ത് ഒരുപാട് നക്ഷത്രങ്ങൾ കാണുന്നത് എപ്പോഴാണെന്നറിയുമോ?
ഭൂമിയിൽ ചിരി നിറയുമ്പോൾ.
അതിൽ ചില നക്ഷത്രങ്ങൾ നമ്മെ അവരിലേക്ക് വിളിക്കും.
അവരുടെ ഇരിപ്പിടം കടം തരും.
അവരിലെ വെളിച്ചം നമ്മളിൽ നിറച്ച് സ്വപ്നങ്ങൾ കാട്ടിത്തരും.

ഇന്നിവിടെ ആകാശം നിറയെ നക്ഷത്രങ്ങൾ,
ഇനി പോയി അവർക്ക് കൂട്ടിരിക്കട്ടെ...
ഒരു പുഴയായ് ഒഴുകണമെനിക്ക്,
ഒരു കടലിലും അവസാനിക്കാനല്ല.

പല കടലിലൂടെ ഉപ്പുപുരളാതെ
പല കരയിലൂടെ മണ്ണ്‌ നനയ്ക്കാതെ

ഇന്ന കടലിലേക്കെന്നില്ലാതെ
ഇന്ന കരയുടേതെന്നില്ലാതെ

എങ്ങോട്ടേക്കെന്നില്ലാതെ..

ഒടുക്കം
‘എന്നെ ഇത്രയും സ്നേഹിച്ചിരുന്നോ’ എന്ന് നീ വിസ്മയിക്കുന്നതു വരെ...

അതറിഞ്ഞാൻ പിന്നെ നിന്നിലേക്ക്......
പല പുഴകൾ
ഒഴുകിയ
മേഘമെന്നവണ്ണം നീ
എന്നിലേക്ക് വന്നു.

നെറ്റിത്തടത്തിലെ അസ്തമന സൂര്യനെ ഉമ്മവെച്ചു.

നിന്റെ കണ്ണുകളിലൂടെ
ആകാശത്തിലെ എന്നതുപോലെ
ഞാൻ തുഴഞ്ഞു.

നിന്നിലാണെന്റെ ഉദയമെന്ന്
ചുണ്ടുകളിൽ
ഉമ്മകൾ കൊണ്ട് മുദ്രവെച്ചു.

എന്റെ പ്രണയമേ എന്ന്
ഞാനടയാളപ്പെടുത്തുന്നവനേ

നിന്നാല്‍ എഴുതപ്പെടുന്നു
എന്നിലെ സ്വകാര്യങ്ങള്‍ !
ചില നേരങ്ങളിൽ

മേഘങ്ങളെ വിരൽ കൊണ്ട് തൊടും.
പൂവുകളിൽ മുഖമണയ്ക്കും.
നിലാവിന്റെ രുചിയറിഞ്ഞ് ദാഹമകറ്റും.
വെയിലുകൊണ്ട് വിരുന്നൂട്ടും.
മഴകൊണ്ട് പ്രണയം എഴുതിയിടും.
കാറ്റുപോലെ ഭാവം മാറ്റും.
അതിർത്തികളില്ലാതെ അലയും.
നക്ഷത്രങ്ങളിൽ വിശ്രമിയ്ക്കും.
വേരുപോലേ അന്വേഷികളാകും.
മൗനം പോലെ തപസ്സിരിക്കും.

തടവിലാകുമ്പോഴും
ജലപ്രവാഹം പോലെ ശക്തരാകും.
എന്റെ പ്രണയം മറക്കാനാഗ്രഹിക്കുന്ന
ഒരുവളെക്കുറിച്ചുള്ള
ഓർമ്മകളാണു
എന്റെ പ്രണയകാലത്തിന്റെ ബാക്ക്‌ അപ്പ്‌!

ഓർമ്മകളേ  ഇല്ലെന്നവളും
മറക്കാനാവില്ലെന്ന് ഞാനും
ഉറപ്പിക്കുന്ന
സ്നേഹഭാഷണങ്ങളുടെ
മനസ്സിൽ മാത്രം
എടുത്തുവെച്ച
എണ്ണമറ്റ
സ്ക്രീൻഷോട്സ് !

മഴ നനഞ്ഞ് തുടങ്ങിയ മണ്ണിനെ
മഴ തോർത്താലും പെയ്തൊലിക്കുന്ന മരങ്ങളെ
മഴയലിഞ്ഞ കാറ്റിനെ
പോകുന്നിടത്തെല്ലാം കൂടെ
കൂട്ടാനുള്ള ഇന്ദ്രജാലമറിയാത്ത എനിക്ക്,
'ഒരു ചില്ലിനപ്പുറത്ത്
ഒരു ചുവരിനപ്പുറത്ത്'
നീയുണ്ടാവില്ലേ , എന്ന ചോദ്യം മാത്രമുണ്ട്
മഴയോട്;
നിന്നോടും!


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌