Sunday

ചില നേരങ്ങളിൽ നമുക്കുള്ളിൽ പ്രണയം നിറഞ്ഞു തുളുമ്പാറുള്ളത് അറിഞ്ഞിട്ടുണ്ടോ?

അതെങ്ങനെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ഇങ്ങനെയാവാമത്:

പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും-

നക്ഷത്രങ്ങൾ,
മരങ്ങൾ,
മഞ്ഞു വീണ പുല്ക്കൊടി,
നിറഞ്ഞൊഴുകുന്ന പുഴ,
വിസ്മയങ്ങൾ ഒളിപ്പിച്ച കടലാഴങ്ങൾ,
മുളപൊട്ടുന്ന വിത്തുകൾ;

ആദ്യമായ് സ്നേഹമറിഞ്ഞവർ,
അതിന്റെ ഉണർവ്വിൽ പിറന്ന ജീവന്റെ ആദ്യകോശങ്ങൾ,
സ്നേഹഭംഗങ്ങളെ ഹൃദയപൂർവ്വം സ്വീകരിച്ചവർ,
യാത്രപോയവർക്കു വേണ്ടി
വീടിന്റെ വാതിലുകൾ തുറന്നിട്ട് കാത്തിരിക്കുന്നവർ,
അലഞ്ഞു തിരിയുന്നവർ-

അങ്ങനെ എല്ലാ ചരാചരങ്ങളും
നമ്മെ സ്നേഹിക്കുന്ന ചിലനിമിഷങ്ങളുണ്ട്.

അവരിലെ പ്രണയം;
അവരറിയാതെ,
നാമറിയാതെ ,
നമ്മോട് പങ്കുവയ്ക്കുന്ന ചില നിമിഷങ്ങൾ.

നമ്മെ സ്നേഹിക്കാത്തവരായ്,
നമുക്ക് സ്നേഹിക്കാനില്ലാത്തവരായ്
ആരുമില്ലെന്ന് എല്ലാവരുമറിയുന്ന നിമിഷം.

അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ നിമിഷത്തിലാണ്‌ നമ്മിലെ പ്രണയം പൂർണ്ണമാകുന്നത്!


ഇന്നലെ നീയതറിഞ്ഞു.
ഇന്ന് ഞാനും.

വിസ്മയം കൊണ്ട് വിറച്ചു പോയ എന്റെ ഹൃദയം നിന്റേതിനോട് ചേർത്ത് വയ്ക്കുന്നു.


എനിക്കുള്ളിലെ പ്രണയം മുഴുവൻ പറഞ്ഞു പെയ്തൊഴിഞ്ഞെന്ന് അടുത്ത വാക്കിൽ ,
അല്ലെങ്കിൽ
അതിനടുത്ത വാക്കിൽ പറയാമെന്ന് കരുതിക്കൊണ്ടിരുന്നാലും അതവസാനിക്കുന്നില്ല.

ഇനിയുള്ള കാലത്തിലേക്കൊഴുകാൻ എനിക്കിതുമതി.

പലതോണിയിൽ,
പലർക്ക് തുഴയായ്
പലരിലേക്ക്
,പലപ്പോഴായ് ഒഴുകിത്തുടങ്ങുമ്പോഴും
എല്ലായിടത്തും നിറയുന്നത്
നമുക്കുള്ളിലെ പ്രണയമാണ്‌.

സ്നേഹത്തിലേക്ക് നടന്നുപോകാൻ ആഗ്രഹിക്കാത്തവർ എങ്ങനെ അറിയും-
 അവിടേക്കൊരു വഴിയുണ്ടെന്ന്?
ഏതെങ്കിലുമൊരിടത്തു വെച്ച് നമ്മെ ഹൃദയത്തോട് ചേർത്തുപിടിയ്ക്കാൻ ഒരാളുണ്ടാകുമെന്ന്!!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌