Friday

നീയില്ലാത്തൊരു പ്രതിഷ്ഠപോലുമില്ല എന്റെ അമ്പലങ്ങളില്‍.

Thursday

പ്രാണനേ,
നീ വിരൽ പിടിയ്ക്കുന്നു;
ഞാൻ ദൈവമാകുന്നു.
ഒരു രാത്രിയ്ക്ക് വേണ്ടി നിലാവായവനേ,
വെയില്‍ വീണ നിഴലായ് മാറി
വെളിച്ചമില്ലാത്തൊരിടത്ത്
അസ്തമിച്ചു പോയവള്‍
ഉദിച്ചുയര്‍ന്ന്
നിന്റെ ഉമ്മകള്‍ പതിച്ച നക്ഷത്രമായ്
ഉറങ്ങാതിരിക്കുമ്പോഴൊക്കെ
കൂട്ടിരിയ്ക്കുക.


എന്നെ അടച്ചുവെച്ച പുസ്തകം
നീ  തുറന്നെന്നോ?
ഞാന്‍ തന്നയച്ച ഉമ്മകള്‍
ആ നിമിഷം
മയില്‍പ്പീലിയായ് മാറിപ്പോയെന്നോ?
നെഞ്ചോട് ചേര്‍ത്തതിനെ
നിന്നിലെ ആകാശങ്ങള്‍ കാണിക്കവെ
നിന്റെ ചുണ്ടുകളായ് അവ മാറിയെന്നോ?

( ഒരു മയില്‍പ്പീലി എന്നെ ചുംബിച്ചുവെന്ന്
ഒരു സ്വര്‍ണ്ണമത്സ്യം
ഇന്നലെ
മഴയോടും വെയിലിനോടും
സ്വകാര്യം പറഞ്ഞിരുന്നു! )

Tuesday

എന്റെ ആകാശത്തിന്റെ നടുവില്‍
ഒരു താമരക്കുളമുണ്ട്;
സ്വപ്നങ്ങള്‍ സ്വര്‍ണ്ണമത്സ്യങ്ങളായ്
മഴ നനയാതെ
മഴയായ് മാറാതെ
വെയില്‍ കാണാതെ
വെയിലായ് മാറാതെ
അവിടെ നിന്നെ കാത്തിരിപ്പുണ്ട്.


ഒറ്റരാത്രിയിലുമ്മവെച്ചു നിന്നെ
ഋതുഭേദമില്ലാത്ത താഴ് വരയായ്
എന്റെ ഭൂപടത്തില്‍ വരച്ചുവെച്ചിരിക്കുന്നു.

Sunday

നീ വേണ്ട എന്ന് മാറ്റിവയ്ക്കാത്ത
എന്തുണ്ട് എന്നിൽ
എന്റേത് മാത്രമെന്ന് പറയാൻ!

നീ
എന്നിലെ മനുഷ്യനെ
നിന്നിലെ ദൈവവുമായ്
ചേർത്തു വച്ചിരിയ്ക്കുന്നു.

ഞാൻ
നീയെന്നതിലേക്ക്
എന്നെ
ഉപേക്ഷിച്ചിരിക്കുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌