Wednesday

 ഒരു പക്ഷി.

ഒറ്റയാകാശം. 


ജീവന്റെ 

പല ചിറകുകൾ.

 പ്രണയത്തെക്കുറിച്ചാകുമ്പോൾ 

ഉറപ്പിക്കുക 

ഓരോ വാക്കും 

നിനക്കായ് മാത്രമെഴുതിയത്.


പ്രണയത്തിലേക്കില്ല 

പലവഴികൾ.


എന്റെ പ്രണയത്തിനില്ല 

പലപേരുകൾ.

അകന്ന്
അകന്നകന്നകന്നകന്ന്
അടുപ്പമുണ്ടായിരുന്നെന്ന് മറന്ന്
അപരിചിതരെപ്പോലെ
നാമിന്ന്.

Tuesday

എന്നെ കേൾക്കാൻ
എനിക്കരികിലേക്ക്
ഒരിയ്ക്കൽ നീ വരും.
എന്റെ കല്ലറയുടെ ഇരുവശം
വിടർന്ന പൂക്കളെപ്പോലെ നിന്ന്
ഇലകളുടെ പുസ്തകങ്ങൾ നീർത്തി
നീ വായിച്ചു തുടങ്ങും:
ഇതുവരെ 
നിന്നെക്കുറിച്ച് ഞാനെഴുതിയതെല്ലാം.
മരണശേഷം മനുഷ്യഭാഷ
മറന്നുപോയാലുമില്ലെങ്കിലും
ഞാൻ
ഇന്നത്തെപ്പോലെ അന്നും
നിന്നെ കേട്ടിരിയ്ക്കും.
നീ
വായിച്ചവസാനിപ്പിയ്ക്കുമ്പോൾ
ആകാശം നിറഞ്ഞു പെയ്തേക്കാം.
ആ മഴയിൽ 
മരിച്ചു പോയ ഒരാളുടെ വാക്കുകൾ കൊണ്ട് നനഞ്ഞ്
ഒരു കൂണുപോലെ 
എന്റെയുള്ളിൽ നീ മുളച്ചു പൊന്തിയേക്കാം.
ഒരു കൂണുപോലെ എന്റെയുള്ളിൽ നീ...
ചുറ്റിലും 
നാം ഉപേക്ഷിച്ച 
കടുംപച്ചകൾ.

  മഴ വേർപെട്ടു പോകുന്ന മേഘത്തിന്റേതുപോലെ 

വെളിച്ചം വറ്റിയ പകലുകൾ.


പ്രളയത്തിന് തൊട്ടുമുന്നിലൊരു 

നിമിഷത്തിലെ ശൂന്യത .


എന്റെയുള്ളിലൊളിച്ചു നിൽക്കുന്ന പ്രണയ സമുദ്രമേ 

ഈ നേരം 

നീ എവിടെയാണ്?

  നിന്റെയുള്ളിലെന്റെ പേരിങ്ങനെയിങ്ങനെ 

കൊത്തിക്കൊത്തിക്കൊത്തിക്കൊത്തിയൊരു 

മരംകൊത്തി.

  ഓരോ ചിത്രവും 

അനേകം വാക്കുകളുടെ ഒരു ചേർത്ത് വയ്പ്പാണ് 

ഓർമ്മകൾ മുതൽ സ്വപ്നങ്ങൾ വരെ പങ്കിടാനുള്ള ഒരു ക്ഷണക്കത്ത്.

വിചാരങ്ങളിലേക്കുള്ള ഒരു വഴി.

വാക്കുകൾക്കിടയിലെ ഒരു ശ്വാസമെടുപ്പ്.

  ഒരാളോട് തോന്നുന്ന വെറുപ്പ് കൊണ്ട് മറ്റൊരാളെ സ്നേഹിച്ചു തുടങ്ങരുത്.


വെറുപ്പല്ല സ്നേഹത്തിന്റെ ഉറവിടം.


അനേകം സ്നേഹഭംഗങ്ങൾ അനുഭവിച്ചത് കൊണ്ട് 

ആരുമില്ലാതെ ഒറ്റയ്ക്കാണെന്ന് തോന്നുന്നത് കൊണ്ട് 

കേൾക്കാൻ / മനസ്സിലാക്കാൻ ഒരാൾ വേണം എന്നത് കൊണ്ട് 

മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് 


കവിതകൾ എഴുതുന്നത് കൊണ്ട് 

ചിത്രങ്ങൾ വരയ്ക്കുന്നത് കൊണ്ട് 

നൃത്തം ചെയ്യുന്നത് കൊണ്ട് 

പാട്ട് കേൾക്കുന്നത് കൊണ്ട് 

 

തോന്നേണ്ടതല്ല പ്രണയം.


പ്രണയിക്കാതിരിക്കാൻ ആകുന്നിലെന്ന ഒറ്റകാരണമേ വേണ്ടൂ

പ്രണയിക്കാൻ;

പ്രണയിക്കപ്പെടാനും.




 ഇലകൾക്കിടയിൽ പക്ഷിയെ

വരയ്ക്കുന്നത് 

എങ്ങനെയാണ്?


പച്ച നിറം കൊണ്ട്?

ആകാശം എന്ന വാക്ക് കൊണ്ട്? 


ചിറകൊതുക്കിയൊതുക്കി

മഴയെ കേട്ടുകേട്ടിരുന്ന

പക്ഷികളാണോ

അടുത്ത പുലരിയിൽ

ഇലകളായ് മുളയ്ക്കുന്നത്?


പൊഴിഞ്ഞു വീഴുമ്പോൾ 

ഇലയിൽ തൂവലുകൾ വരച്ചു വെച്ചാൽ

അത്

തനിയെ

പക്ഷിയായ് പറക്കുമോ ?


ഒരു മരത്തിന്റെ പറക്കാനുള്ള മോഹത്തെ 

മേഘമെന്ന വാക്കിൽ 

ആകാശം മുഴുവൻ 

എഴുതി നിറയ്ക്കുന്ന

പക്ഷികളെപ്പോലെ -


പറക്കൂ എന്ന വാക്കു കൊണ്ട്

ഇലകൾക്കിടയിൽ പക്ഷിയെ

വരയ്ക്കാൻ 

മരത്തിനല്ലാതെ

മറ്റാർക്കാണ് കഴിയുക ?

 നിനക്കറിയാലോ ഞാനും ഇങ്ങനെയാണ് എന്ന്.

എന്റെ വാക്കുകൾ കൊണ്ട് മുറിവ് പറ്റുന്ന നിന്നെ 

ആവോളം മനസ്സിൽ ലാളിക്കാറുണ്ട് എന്ന്.

എന്റെ ഒരു വാക്കിൽ 

ചിലപ്പോൾ

നിന്നിലെ ചലനങ്ങൾ അറ്റുപോകാറുണ്ട്.

വാക്കുകൾ ബാഷ്പമായ് മാറിപ്പോകാറുണ്ട്.

നിശ്ചലമായ ഒരു ദ്വീപ് പോലെ നീ.

നിശബ്ദത കൊണ്ട് നിറഞ്ഞു പോകുന്നു ത്ത നേരം നിന്റെ നോട്ടങ്ങൾ.

എനിക്ക് എന്ത് ഇഷ്ടമാണെന്നോ അത് കണ്ടിരിക്കാൻ.

നിന്നിലെ

ഒരോ കോശങ്ങളേയും 

കോർത്ത് കോർത്ത് 

നിന്നെ തുന്നിയെടുക്കുന്ന കൂർത്ത സൂചിയാകുന്നു

എന്റെ പ്രണയം.


അത് നിന്നിലൂടെ പാഞ്ഞു പാഞ്ഞു

പോകുന്നതിന്റെ വേദന

എനിക്കും അനുഭവിക്കാനാകുന്നു.

ഒലിച്ചു പോകുന്ന ഒരു അരുവിയല്ല പ്രേമം. 

പകരമത് പതുക്കെ ഒഴുകുന്ന ഒരു ലാവയാണ്.

തീ പിടിച്ച - കനല് പാകുന്ന - പ്രവാഹം.

രണ്ട് പേരിൽ അത് അവശേഷിപ്പിക്കുന്ന

പൊള്ളലുകൾ.

ഓരോ ശ്വാസത്തിലും അത് അനുഭവിക്കണം എനിക്ക്.

അത്രമേലെന്റെ പ്രേമത്തിന്റെ പ്രേമമേ !

ഞാൻ

നീയെരിഞ്ഞ കവിതയ്ക്ക്

ചാരം.

 നനുത്ത ശബ്ദത്തിൽ

പക്ഷിയേയും

ഉറച്ച ശബ്ദത്തിൽ

ഇലകളേയും

ഇതാ വരച്ചു തുടങ്ങുന്നു.


നിറഞ്ഞ നിശബ്ദത കൊണ്ട്

മരത്തേയും

തികഞ്ഞ ഏകാന്തത കൊണ്ട്

കൂടിനേയും

അതിനു മുൻപേ വരച്ചതോർക്കുന്നു.


വാക്കിന് മാത്രം നല്കാൻ സാധ്യമായ

പറക്കലുകൾ പക്ഷിയ്ക്കും


കേൾവിക്ക് മാത്രം നല്കാൻ സാധ്യമായ

മഴപ്പെയ്ത്ത് മരത്തിനും


നല്കുന്നു.


എന്നിട്ടും അത്ര ലളിതമല്ല -

കൂട് വിട്ട് പറക്കലുകൾ -

പക്ഷിയ്ക്കും

ഇലകൾക്കും


ആർക്കും.

   പ്രപഞ്ചത്തിലെ 

പരശതം കവിതകളിൽ 

ഒന്ന് ഞാനും 

ചിലത് നീയുമെന്ന് 

പലരാൽ  

പകർത്തി എഴുതപ്പെടുന്നു.


ആ കവിതകളിൽ 

ഒന്ന് ഞാനും 

ചിലത് നീയുമെന്ന് 

പലരാൽ 

വായിക്കപ്പെടുന്നു.


ഭാഷയിൽ അതല്ലാതെ മറ്റെന്തുണ്ട്!

മനുഷ്യന്റെ 

വേദനകളും 

വിശപ്പുമല്ലാതെ.

 എന്റെ വിരൽ തൊടുമ്പോൾ

മുറിഞ്ഞു പോകുന്നുവോ

നിന്നിലെ

പ്രണയം എന്ന വാക്ക്?


  പിണങ്ങാനാകുന്നില്ല നിന്നോട്

എന്നതിനേക്കാൾ പ്രണയാർദ്രമായ്

ഒരു പരിഭവവുമില്ല

നീ പറഞ്ഞു കേൾക്കാൻ.

Monday

  ഒറ്റയ്ക്ക് ഒരു പക്ഷി വേനലിനെ കേൾക്കുന്നു.


ഒറ്റയ്ക്ക്.

ഒന്നും മിണ്ടാതെ

ചിറകൊട്ടും അനക്കാതെ

കൊക്ക് വിടർത്താതെ.


കണ്ട് നിൽക്കെ

ഞാൻ നിന്നെ ഓർക്കുന്നു.


ഒന്നും മിണ്ടാതെയിരുന്നിട്ടും

നിന്നെ 

കേൾക്കുന്നു.

ചിറകനക്കാതെയും

നിന്റെയടുത്തെത്തുന്നു.

കൊക്കു വിടർത്താതെ

നിന്റെ ചുണ്ടുകളെ തൊടുന്നു.


ഒറ്റയ്ക്ക് 

എന്ന വാക്കിന്

പ്രണയത്തിൽ

എത്ര വാതിലുകളാണ്.



 സ്നേഹമേ!

നീ ഏത് തരം ശില്പിയാണ്?

സ്നേഹക്കൂടുതലിന്റെ മൂർച്ചയിൽ  

അനേകം മനുഷ്യരെ 

അറുത്തെടുത്ത് 

നീ എന്നിൽ പണിയുന്ന നോവിന്റെ ശില്പം 

ഏതാണ് ?

 എല്ലാ പാട്ടിലും ഒരാളെ മാത്രം ഓർക്കുന്ന 

രാവുകൾക്ക് 

പ്രണയം 

കൂട്ടിരിക്കുന്നു.


ഹൃദയം ഒളിപ്പിക്കാൻ 

നല്ലയൊരിടം ഏതെന്ന്

ഇരുട്ടിനോട് അത് ഇടയ്ക്കിടെ തിരക്കുന്നു.

Wednesday

  സ്നേഹിക്കുക/ സ്നേഹം തോന്നുക/ ഇതൊക്കെ ഒരു ശീലമാണ്.

ഒരുപക്ഷെ അവനവനെ തന്നെ ആകും സ്നേഹിക്കുന്നത്..

പക്ഷെ അവനവനിൽ നിന്ന് അതിനൊരു ഒഴുകി പരക്കലുണ്ട്.

ഒരു ഒഴുക്ക് 

ഒരു തുടർച്ച...

ജലം ദാഹത്തെ തൊടും പോലെ.

Monday

 ഭൂമിയിൽ എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ചിലരെ -(രണ്ടിലേറെപ്പേരെ ) -

ചില നേരങ്ങളിൽ
ആരോ ചേർത്തു വരയ്ക്കുന്നുണ്ട്.
ആകാശത്ത് constellations വരച്ചെടുക്കാനാകും പോലെ.

ഒരു പാട്ടോ
കവിതയോ
കാഴ്ചയോ
ഒരു പുസ്തകത്തിലെ വാചകമോ
ഒരു വാർത്തയോ
ഒരു സിനിമയുടെ ഓർമ്മയോ
ഏതു കൊണ്ടുമാകാം.

അവർ - അവർ മാത്രം - ആ നേരം
തമ്മിൽ ബന്ധിക്കപ്പെടുന്നു.

അകാരണമെന്ന് തോന്നാവുന്ന ഒരു അനുഭവം.
അദൃശ്യമായ ഒരു ചേർന്നുനില്പ്.
അസാധാരണമായ ഒരു നിമിഷം.
അവിചാരിതമായ ഒരു പാരസ്പര്യം.

പല ഭൂഖണ്ഡങ്ങളിലായ് കിടക്കുന്ന
അപരിചിതരും അല്ലാത്തവരുമായ
ചില മനുഷ്യരെ ചേർത്ത്
ചില നേരങ്ങളിൽ
പ്രപഞ്ചം വരച്ചെടുക്കുന്ന
നക്ഷത്രരാശികൾ.

അങ്ങനെ ഒരു നക്ഷത്രസമൂഹത്തിൽ അംഗമായിരുന്നു എന്ന കാര്യം
പിന്നീട് ഓർത്തെടുക്കാൻ
എന്ത് രസമാണെന്നോ.

ഒപ്പമുണ്ടായിരുന്ന നക്ഷത്രങ്ങളെ കണ്ണ് ചിമ്മാതെയങ്ങനെ നോക്കി നില്ക്കാൻ.

അനേകം മനുഷ്യരിലൂടെ മാത്രം പൂർണ്ണതയിലെത്തുന്ന
ഒരു ജീവന്റെ ചിത്രം.

  നിനക്ക് ഇഷ്ടമാണെന്ന്

പറഞ്ഞതു കൊണ്ട് മാത്രം

ഒരേ പാട്ട്

ഞാൻ ആവർത്തിച്ചു കേൾക്കുന്നു.

അതിലെവിടെയാണ്

എന്നെ നീ കണ്ടുമുട്ടിയത്

എന്നറിയാനായ് വേണ്ടി മാത്രം.

 ഒന്നുമില്ല പൊന്നേ, 

നെഞ്ചിൽ 

നാം ഒന്നിച്ചു നട്ട ചെമ്പരത്തികൾ 

പൂത്തു വിരിയുന്നതിന്റെ 

കടുംചുവപ്പ് മാത്രം.

 തുറമുഖമെന്നാൽ 

കടലിന്റെ ഒരു തുള്ളി.

ഓർമ്മകളിൽ ഒന്നെന്ന പോലെ.

നിന്നെ ഞാൻ അവിടെ കാത്തു നിൽക്കുന്നു.



 മുറിവുകളുടെ കടും മഞ്ഞയിൽ

അയാൾ

ഒരു പൂവിനെ വരയ്ക്കുന്നു.


ലോകമതിനെ

സൂര്യകാന്തിയെന്ന് വിളിക്കുന്നു.


അയാളുടെ കാതുകൾ ആ നേരം

ചിറകറ്റു പോയൊരു 

ശലഭം പോലെ പിടയുന്നു.


 ഇന്നത്തെ അസ്തമനത്തെ

ഒരു വിത്തിനുള്ളിൽ

എടുത്തു വയ്ക്കുന്നു.

നാളെ 

സൂര്യനൊരു

മഞ്ഞപ്പൂവായ് വിടരുന്നു.

ആകാശം

ഒരു സൂര്യകാന്തി പാടമെന്നോർത്ത്

പകലിൽ 

അയാൾ നടന്നു പോകുന്നു

 നിന്നെ കേൾക്കണമെന്ന് തോന്നുന്ന നേരത്തെല്ലാം

നീ കൊടുത്തയച്ച

പാട്ടുകൾ കേൾക്കുന്നു.


ഇടയിൽ ചില വാക്കുകൾ

എനിക്ക് വേണ്ടി

പറഞ്ഞുവല്ലോ എന്ന് ഞാനും

ഇല്ല എന്ന് നീയും

ഭാവിക്കുന്നു.


ഒളിച്ചിരിക്കാൻ

ഏകാന്തതയെന്നും

നിശബ്ദതയെന്നും

രണ്ട് മുറികൾ പണിയുന്നു.


എന്നിട്ടും എപ്പോഴും

തമ്മിൽ

കേൾക്കുന്നു.

കാണുന്നു.

തൊട്ടു തൊട്ടിരിക്കുന്നു ...


  കാലം തെറ്റിപ്പെയ്ത ഒരു മഴയെ കേൾക്കുന്നു.

കാറ്റു വീശുന്ന വഴികളെ /

കടലെടുത്ത കരകളെ 

ഓർക്കുന്നു.


മഴ തോരുമ്പോൾ ജാലകം തുറന്നിട്ട് 

പകലിലേക്കോ 

രാത്രിയിലേക്കോ നോക്കുന്നു.


നഗരത്തിന്റെ നിശബ്ദതയെ /

വെയിലിൽ തിളയ്ക്കുന്ന തെരുവിനെ

തൊടുന്നു.


നിന്റെ എഴുത്തുകൾ വായിക്കുന്നു.

ചിലപ്പോൾ കറക്കം നിലച്ച പങ്കയിലേക്ക് 

ചിലപ്പോൾ നിനക്ക് തരാൻ എടുത്തു വെച്ച

എന്നിലേക്ക്  

നോക്കിയിരിക്കുന്നു.


ഒരിയ്ക്കൽ നീയിട്ട് അഴിച്ചു വെച്ച ഉടുപ്പുകളിലേക്ക് 

നീ തന്നയക്കുന്ന ശബ്ദത്തിന്റെ ആവർത്തനങ്ങളിലേക്ക് 

നീ അരികുകൾ എഴുതി നിറച്ച പുസ്തകങ്ങളിലേക്ക് 

യാത്ര ചെയ്യുന്നു.


Sunday

 തമ്മിൽ

മിണ്ടാതിരിക്കാനാകാത്ത
രണ്ട് പേരാവുക
എന്ത് രസ്സമാണ്!

 അതേ പാട്ട്

ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്നു.
ഏത് വരിയിൽ
എവിടെ വെച്ച്
നാം കണ്ടുമുട്ടി
എന്നറിയാനാഗ്രഹിച്ച്
ഒരു യാത്ര പോലെ
നീ തന്നയച്ച
അതേ പാട്ട്
ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്നു.

 

പറക്കുകയാണോ
പൊഴിയുകയാണോ
എന്ന് നിശ്ചയിക്കാനാകാത്ത
നേരങ്ങൾ.
ഒരു വിത്തിനുള്ളിലെ ധ്യാനമോ
ഒരു കിളിയൊച്ചയിൽ ആകാശമോ
വാഗ്ദാനം ചെയ്യാനാകാതെ
വാക്കുകൾ.
ഇലഞരമ്പുകളുടെ ആഴമോ
ഒരു തൂവലിന്റെ ഭാരക്കുറവോ
അവകാശപ്പെടാനാകാത്ത
ദൂരങ്ങൾ.

വീടുകൾ,
വേരുകൾ മുറിച്ചിട്ട വിത്തുകൾ.
വിരലുകൾ,
തൂവലുകൾ മുളയ്ക്കാത്ത ചിറകുകൾ.

നിന്റെ ജനലുകളിൽ 

മഴ 

എന്റെ ചിത്രം വരയ്ക്കുന്നു 

എന്ന് കേൾക്കാൻ എത്ര രസമാണെന്നോ !



' എന്റെ ജനലുകളിൽ 

മഴ 

നിന്റെ പേര് എഴുതി വയ്ക്കുന്നു' 

എന്ന് നീ പറഞ്ഞു കേൾക്കാൻ!


നീ- മഴയിൽ നനഞ്ഞു നടക്കാറുള്ള നീ-പറയുന്നു,

മഴ 

എന്റെ ഓർമ്മകളിൽ നനയുന്നു എന്ന്.


എന്നിൽ നനഞ്ഞു പോകുന്ന നീ എന്ന് 

ആ നേരം 

എനിക്കും തണുക്കുന്നു.


ഓർമ്മയുണ്ടോ 

എന്റെ 

മിന്നൽ വളകൾ,

ഇടിമുഴക്കങ്ങളുടെ ജിമിക്കികൾ,

കാറ്റിന്റെ കിടക്കവിരികൾ

വെളിച്ചമില്ലായ്മയുടെ പുതപ്പുകൾ.


ഞാൻ വരും.


മഴയത്ത് 

ഇനിയും


മരങ്ങൾക്കിടയിലുള്ള നിന്റെ വീട്ടിലേക്ക് 

പുഴ കടന്ന്

ഏറെ നടന്ന്


ഞാൻ വരയ്ക്കും

മഴകൊണ്ട് 

നിന്റെ 

വീട്ടുമുറ്റം.

ചുമരുകൾ,

ജനലുകൾ,

ഇരിപ്പിടങ്ങൾ.


മഴയുടെ മഷിത്തണ്ട് കൊണ്ട് 

ഞാൻ മായിച്ചു കളയും 

ചുറ്റിലും 

ഒറ്റയ്ക്ക് ഒറ്റയ്‌ക്കെന്ന് 

നിന്റെ കണ്ണ് നനയ്ക്കുന്നതെല്ലാം.


മഴ പെയ്യുമ്പോൾ മാത്രം 

രാത്രികളിൽ 

തനിച്ചുറങ്ങാറില്ലെന്ന്...

കേൾക്കാൻ എത്ര രസമാണെന്നോ !


' മഴ പെയ്യുമ്പോൾ മാത്രം 

രാത്രികളിൽ 

ഞാൻ തനിച്ചുറങ്ങാറില്ലെന്ന്..'

നീ പറഞ്ഞു കേൾക്കാൻ.

 ഒരു പാട്ടിന്റെ പാതി കടലെടുത്തിട്ടുണ്ട്.

പനിയുടെ കരയിൽ മഴ പെയ്യുന്നുമുണ്ട്.
നീയോ,
എന്തു ചെയ്യുന്നു?

 കൊത്തിക്കൊത്തിക്കൊത്തി

എന്റെയുള്ളിൽ
നിന്നെക്കൊത്തിവയ്ക്കുന്നുണ്ടൊരു
മരം കൊത്തി.

 " മുന്നിലെന്താണ്?"

"തുറന്നിട്ടൊരു
ജാലകം.
അടച്ചിട്ട
നഗരം.
തീപ്പിടിച്ചൊരു നക്ഷത്രം
തിരിച്ചെത്താനുള്ള
വഴിയിലാകെ
ഇരുട്ട്."
"ഉള്ളിലോ?"
" ഉള്ളിലാകെ
വേരുപിടിച്ച
കരച്ചിൽ."

 നഗരം

നിന്റെയൊപ്പം പനിയ്ക്കുന്നു.
നാവിലൊരധികം കയ്പ്പെന്ന്
അതൊരോർമ്മയെ തേട്ടുന്നു.
നഗരം നിനക്കെന്താണ്?
ഞാനില്ലാത്തത് കൊണ്ട്
പാതി മാത്രം തുറന്നൊരു
കാഴ്ചജാലകം.
നഗരമണിഞ്ഞ പൊടിയിൽ
വിരൽ കൊണ്ട്
ഞാൻ വരച്ചിടാറുള്ള തിരകൾ.
നിന്റെ കടൽ.
കടൽ
എന്റെയൊപ്പം പനിയ്ക്കുന്നു.
നെഞ്ചിലൊരധികം കനലെന്ന്
അതൊരോർമ്മയെ തേടുന്നു.
കടൽ എനിക്കെന്താണ്?
നീയില്ലാത്തത് കൊണ്ട്
തുന്നിത്തീർക്കാനാകാത്തൊരു
നീല ഞൊറിയുടുപ്പ്.
കടലണിഞ്ഞ തിരയിൽ
വിരൽ കൊണ്ട്
ഞാൻ വരച്ചിടാറുള്ള മീനുകൾ.
നിന്റെ കണ്ണുകൾ.

 അടച്ചിട്ട നിന്റെ മുറിയിൽ

ഏകാന്തതയുടെ
പല പടവുകൾ.
എന്തോ മറന്നു വെച്ച
ഒരുവളെപ്പോൽ
എന്റെ പ്രണയമത്
പലവട്ടം
കയറിയിറങ്ങുന്നു.

 ഒരോ വാക്കിലും

നിന്നെ മണക്കുന്നു.
ഓരോ താളിലും
ഏകാന്തത
എന്ന്
എന്റെ പേരെഴുതി
ഒപ്പിടുന്നു.

 ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,

നിന്നെ
ഓർമ്മ വരുന്നു.
ഏതേതെല്ലാം വഴികളിലൂടെയാണെന്നറിയില്ല,
നിന്റെ
ഓർമ്മ വരുന്നു.
നിന്റെ ചെരുപ്പുകൾ എടുത്തണിയുന്നു.
നിന്നെപ്പോലെ
മുറിയിലാകെ ചുറ്റിനടക്കുന്നു.
നിന്നെപ്പോലെ
മിണ്ടുന്നു.
നിന്നെപ്പോലെ
മിണ്ടാതെ
ഇരിക്കുന്നു.
നിന്നെ ഉറക്കാൻ
ഉറങ്ങുന്നു.
നീ ഉണർത്തിയത് പോലെ
ഉണരുന്നു.
അഴിച്ചു വയ്ക്കാനാകാത്തൊരുടുപ്പ് പോലെ
നിന്നെ
അണിയുന്നു.
അറിയുന്നു.
(നിന്നിൽ
ഒളിച്ചിരിക്കുന്നു.)
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌