Monday

 അങ്ങനെ ഒരിയ്ക്കൽ നാം 

നമ്മുടെ മാത്രം ലോകത്തെത്തും 


ആൾക്കൂട്ടങ്ങളെ നാം ഉപേക്ഷിയ്ക്കും.

നാം പ്രാചീനരായിരിക്കും.

മനുഷ്യന്റെ പാഠങ്ങൾ അഴിച്ചു വെച്ചവർ.


ചിലപ്പോൾ നാം ദിവസങ്ങളോളം മിണ്ടാതെയിരിക്കും.

ചിലപ്പോൾ തമ്മിൽ മൂളിമൂളി മാത്രം കേൾക്കും.

ചിലപ്പോൾ കണ്ണ് നിറയ്ക്കും.

കെട്ടിപ്പിടിക്കും.

കരഞ്ഞു നനയും.

നിറയും.

നാട്യങ്ങൾ അഴിച്ചു വെയ്ക്കും.

നഗ്നരാകും.


ചിലദിവസങ്ങളിൽ യാത്ര പോകും.

യാത്രയെന്നാൽ 

അവസാനിക്കാത്ത വഴികളെന്ന് കണ്ടെത്തും.

ചിലപ്പോൾ 

ദിവസങ്ങളോളം 

മുറിയിൽ അടച്ചിരിക്കും.

വെയിൽ കണ്ട കാലം മറന്നുവെന്ന് എപ്പോഴോ ഓർക്കും.


മരിച്ചതു പോലെ ഉറങ്ങും.


 ചുറ്റിലും തനിക്ക് മാത്രം 

എന്നൊരു സ്‌പേസിനെ 

കൃത്യമായ് കാത്തുസൂക്ഷിക്കുന്ന രണ്ട് പേർ,

അവർ എത്ര തമ്മിൽ എത്ര പ്രിയപ്പെട്ടവരായിരുന്നാലും 

അവർക്കിടയിൽ ഒരുപാട് അകലമുണ്ടായിരിക്കും,

ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാനാകാത്ത ഒരു ശൂന്യത/ ദൂരം.


 ഏകാന്തത -

ആൾക്കൂട്ടത്തിലെന്നെ 

കൈവിട്ടുപോകല്ലേ പോകല്ലേ 

എന്ന് എന്റെ കൈപിടിച്ചു കെഞ്ചുന്ന 

 എന്നിലെ പെൺകുട്ടി.

 സ്നേഹമാണ് 

ലോകത്തിലെ 

ഏറ്റവും വലിയ 

കുറ്റവും 

ശിക്ഷയും,

സ്നേഹം തന്നെയാണ് 

ചിലർക്ക് 

നിർവ്വാണത്തിലേക്കുള്ള 

ഏറ്റവും തണുപ്പുള്ള 

ആൽമരച്ചുവടും.

 ഉപേക്ഷിക്കപ്പെട്ട വാക്കുകളുടെ 

അടച്ചിട്ട മുറികൾ.


പറഞ്ഞല്ലോ എന്ന് നീയും 

കേട്ടില്ല എന്ന് ഞാനും 

ഭാവിക്കുന്നു.


ഹൃദയം, 

നാലറകളുടെ അധിപനായ 

എട്ടുകാലി.

 ഈ പെരുങ്കാട്ടിൽ

ഒരു ചില്ല 

എനിക്കിരിക്കാൻ 

ഉണ്ടെങ്കിലും ഇല്ലെങ്കിലും

ഞാനീ ജീവലോകത്തിന്റെ 

ശബ്ദം കേൾക്കും. 

ഒരു പാട്ടെങ്കിലും ഏറ്റു പാടും.

 എന്നോടുള്ള നിന്റെ ഇഷ്ടമേ, 

എന്നും 

നിന്റെയുള്ളിൽ 

എന്നെയിങ്ങനെ 

മുറുകെ മുറുകെപ്പിടിക്കണേ 

 ഞാൻ എനിക്കയച്ച കത്തുകളാൽ

നിറഞ്ഞു പോയ തപാൽപ്പെട്ടിയെ

വീട് എന്ന് വിളിക്കുന്നു.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌