Monday

സ്നേഹം 

എന്ന വാക്ക് 


അപരിചിതരായ 

രണ്ട് പേർ 

തമ്മിൽ 


ആദ്യമായ് 

പറയുമ്പോഴാണ് 


ലോകം 


അന്നുവരെയുള്ള 

ശബ്ദവീചികൾ 

എല്ലാം ഉപേക്ഷിച്ച് 


സൃഷ്ടിയുടെ നിമിഷത്തിന് 

തൊട്ടു മുന്നിലേത് പോലെ 


ഏറ്റം 


നിശബ്ദമാകുന്നത്.

 വേഗങ്ങളെ 

തിരക്കുകളെ 

മത്സരങ്ങളെ 

പൊഴിച്ചിടുന്ന 

ഒരു ഉരഗമാകുന്നു 

എന്റെയുള്ളം.

കാലുകളില്ലാതെ 

നൃത്തം ചവുട്ടുകയും 

കാതുകളില്ലാതെ 

പാട്ടുകൾക്ക് ചുണ്ടനക്കുകയും 

കണ്ണാടിയിൽ നോക്കാതെ 

മുഖം കാണുകയും 

ചെയ്യുന്ന 

പുഴു.

പ്രകൃതിയുടെ 
ഒരു നൂലറ്റം 

 കടുത്ത നിറങ്ങളിലുള്ള

വലിയ കാൻവാസുകളെ
ഒരു കാലത്ത്
ഞാൻ
സ്വപ്നം കണ്ടിരുന്നു.
എന്നാൽ ഇപ്പോൾ തോന്നുന്നു,
ഒരുപാട് നിറങ്ങൾ ചേർത്ത്
ഒരു മനുഷ്യന്റെ
ഏകാന്തതയെ
വരയ്ക്കാൻ കഴിയില്ല;
എനിക്ക് വരയ്‌ക്കേണ്ടതും
മറ്റൊന്നല്ല.

 തുഴച്ചിലവസാനിപ്പിക്കാനാകാത്ത

ഈ കടലിലുണ്ടല്ലോ
നിറച്ചും
കാഴ്ചകളാണ്...
ഒറ്റയ്ക്കാണെങ്കിലും
ഈ കടലിലുണ്ടല്ലോ
നിറച്ചും
കഥകളാണ്.
ആവർത്തനങ്ങൾ എങ്കിലും
ഈ കടലുണ്ടല്ലോ
എന്നെ നിറയ്ക്കുന്ന
വാക്കുകളുടെ
ആഴമാണ്.
ഞാനൊന്നും മിണ്ടിയില്ലെങ്കിലും
ഈ കടലുണ്ടല്ലോ
എന്നെ തിരഞ്ഞെത്തുന്ന
ശബ്ദത്തിന്റെ
അലകളാണ്.
എന്നിൽ നിന്ന്
ഊർന്ന്
ഊർന്ന്
ഊർന്ന് പോകുന്ന
സമയമേ,
ഈ തോന്നലുകളെ ഉപേക്ഷിയ്ക്കാൻ
എനിക്ക്
കഴിയുന്നില്ല....
നിന്റെ തീരത്തേക്ക്
തിരിച്ചു വരാനും.

 മറന്നുവോ എന്ന്

നീ
ചോദിക്കുന്നു.
ഇല്ല
എന്നാണ് എന്റെ ഉത്തരം എങ്കിൽ,
ഓർമ്മകളുടെ
ഏത് പകലിലേക്ക്
ഞാൻ
ഉറക്കമുണരണം
എന്നാകും
നീ
ആഗ്രഹിക്കുക?

 ഹൃദയം സ്നേഹസമ്പന്നമാകട്ടെ.

അവനവനായ് തുടർന്നു കൊണ്ട്
അനന്തമായ
കൂടിച്ചേരലുകൾ
സാധ്യമാകട്ടെ .
അറിവുകൾ
പൂർണ്ണമാവട്ടെ.

 നാം തമ്മിൽ

പറയാതെ പോയ

വാക്കുകളുടെ

മുളങ്കാടിനെ കേൾക്കുന്നു.
പ്രണയമേ,

നീയുറക്കെ

പാടാതെയിരിക്കുന്നില്ല .

 നിന്റെ തിരക്കുകളുടെ 

ഉച്ചിയിൽ 

ഊഞ്ഞാല് കെട്ടി 

ഏറ്റവും കുറഞ്ഞ വേഗത്തിലാടുന്ന 

പെൺകുട്ടി -

ഞാൻ 


എപ്പോഴാണ് 

വേഗത്തിൽ ഓടുന്ന ജീവിതമേ 

നിന്റെ നെറ്റിയിൽ 

അലസതയെന്ന് 

എന്റെ പേര് 

ചുട്ടികുത്തിയത് ?

 

നാം  ഉറങ്ങുന്നില്ല.

നാം ഉണരുന്നില്ല.

ഭൂമിയുടെ 

ഭ്രമണപരിക്രമണങ്ങളെക്കുറിച്ച് 

ഓർക്കുന്നത് പോലുമില്ല.

പരസ്പരം വലം വയ്ക്കുന്ന 

ആകാശഗോളങ്ങൾ പോലെ 

ഈ സൗരയൂഥത്തിൽ എത്തിപ്പെടാറുണ്ടെന്ന് മാത്രം.


 നില തെറ്റിയ ഒഴുക്കിൽ 

ഒരില കൊത്തിയിട്ട

 പ്രാവിലേക്കും 

അതിന്റെ വേടനിലേക്കുമുള്ള 

ദൂരം തുഴയുന്ന ഒരുറുമ്പ്.

സ്നേഹത്തിന്റെ കുഞ്ഞുങ്ങളെ 

പെറ്റുപോറ്റുന്ന

 ഹൃദയമെന്ന 

ഗർഭപാത്രം.

 പ്രണയം 

സമുദ്രത്തേയും 

പ്രണയിനിയുടെ 

കണ്ണുകളേയും 

ഒരേ മഷി കൊണ്ട് വരയ്ക്കുന്നു.

 ചിലപ്പോൾ 

നമ്മുടെ ഭൂതകാലത്തെ 

കൂടുതൽ ശ്രദ്ധയോടെ 

ലോകം

 കേട്ടുകൊണ്ടിരിക്കും. 

പറയാൻ ബാക്കി വെച്ച വാക്കുകൾ കൊണ്ട് 

എങ്ങനെയാണ്

ഞാനൊരു പകലിന്റെ വാതിലടയ്ക്കുക ?

നിന്നിലേക്കുള്ള കടൽദൂരങ്ങൾ 

എപ്പോഴാണ് 

സൂര്യോദയങ്ങളാവുക?

 എന്റെ മത്സ്യാവതാരത്തിന് 

നീ എന്ന ഒറ്റസമുദ്രമേ ഉള്ളൂ എന്ന് 

നിനക്കറിയാത്തതല്ല,

എന്നിട്ടും എന്തിനാണ് 

നെഞ്ചിടിപ്പുകളുടെ ഈ 

ഭൂകമ്പങ്ങൾ!

 എപ്പോൾ കണ്ട് മുട്ടിയെന്നോ 

എത്രദൂരം ഒന്നിച്ചു നടന്നു എന്നോ 

ഓർമ്മയില്ല.


തമ്മിൽ തമ്മിൽ നാം 

മിണ്ടിക്കൊണ്ടിരിക്കയാണെന്ന് 

അറിഞ്ഞത് പോലുമില്ല-


അതാണ് അത്ഭുതം.

  ചിലർ നമ്മെ കണ്ടില്ലെന്ന് നടിക്കുന്നതിനേക്കാൾ 

രസകരമായ എന്തുണ്ട് 

വെളിച്ചത്തിന്റെ ഈ ലോകത്ത് ?

 ഒറ്റയ്ക്കിരിക്കാൻ ഒരിടം.

ഒരാളുടെ ഒപ്പം നടക്കാൻ മറ്റൊരിടം.

ഉത്തരദക്ഷിണാർദ്ധങ്ങൾ പോലെ .


ഒപ്പം നടക്കുമ്പോൾ 

ഒരുപാട് മിണ്ടിപ്പറയണം.

സൗരയൂഥത്തിലെ 

വാക്കുകൾ എല്ലാം 

ചുണ്ടിൽ  നിറയണം.


ഒറ്റയ്ക്കിരിക്കുമ്പോൾ 

ഒറ്റവരി കത്തുകൾ എഴുതാം.

മറുപടികൾക്ക് കാത്തിരിക്കാം.


മറുപടികൾക്ക്  

മറുപടികളെന്ന് 

മിണ്ടാതെയിരിക്കാം.


മാഞ്ഞുപോകാം.

ഈ നിമിഷം 

അല്ലെങ്കിൽ 

അടുത്ത നിമിഷം 

അതുമല്ലെങ്കിൽ 

അതിനടുത്ത നിമിഷം 

പ്രണയമായ് മാറിപ്പോകാനിടയുള്ള 

ഒരു പെൺകുട്ടി എന്റെയുള്ളിലുണ്ട് .

അവൾ അടുത്തിരുന്നാൽ അഗ്നിപർവ്വതം 

അവൾ അകന്നു പോയാൽ ശൂന്യത.


ഏറ്റവും സുന്ദരം 

അവളെ അടുത്തറിയാതിരിക്കുക 

എന്നത് മാത്രമാണ് .

 മാർദ്ദവം മാത്രമല്ല 

മുള്ളുകളും കൂടിയുണ്ടെന്ന് 

ഒരു പൂവ് 

അവളെ 

സ്വയം പരിചയപ്പെടുത്തുന്നു.

 ഒരു പുഴയെ സ്നേഹിക്കുക എന്നാൽ 

അതിനെ ഒഴുകാൻ അനുവദിക്കുക എന്നതാണ്.

അതിന്റെ അലകളെ

മനുഷ്യന്റെ വിരലുകളാൽ 

മുറുകെ പിടിക്കുക എന്നതല്ല. 

 നിന്റെ വിരലുകൾ എന്ന് 

നിന്റെ വാക്കുകളെ 

ചേർത്ത് പിടിക്കുന്നു.

ദൂരമെത്രയോ നടക്കുന്നു.


 എപ്പോഴാണ് നാം കണ്ട് മുട്ടിയത്?

-അതോ!

പ്രപഞ്ചോത്പത്തിക്ക് പിറ്റേന്ന് 


 മിസ്റ്ററി എന്ന വാക്ക് 

ഏറ്റവും ഇഷ്ടത്തോടെ ചേർന്ന് നിൽക്കാറുള്ളത് 

ലവ് എന്ന 

മജീഷ്യന്റെ കൂടെയാണ്.

 ഹൃദയമിടിപ്പുകൾ.

ചിലപ്പോൾ 

അത് അളക്കാൻ 

സ്റ്റെതസ്കോപ്പുകൾ വേണമെന്നില്ല.

ഉപേക്ഷിച്ച ചില നോട്ടങ്ങൾ മാത്രം മതി.

 അത്രയും സാവകാശത്തിൽ 

എങ്കിലും 

സ്വയം അറിയുന്നതിന്റെ കല-

എനിക്ക് പരിശീലിക്കേണ്ടത് അത് മാത്രമാണ്.

 നോക്കൂ, 

ഇതാ, 

വിരലുകൾ പോലെ

 നമുക്ക് ഒന്നിച്ചിരിക്കാൻ, 

സ്നേഹം നിറച്ച 

എന്റെ കരതലം.

 ചിലർ  പിറക്കുന്നത് തന്നെ പുറന്തോടുകളുമാണ്.

ഒറ്റപ്പെടാനും ഒരുമിച്ചു നിൽക്കാനും

അവരുടേതായ  സാമൂഹ്യശാസ്ത്രപാഠങ്ങൾ.

വേഗങ്ങളും തിരക്കുകളും  ഒഴിഞ്ഞ ഉഭയജീവിതം.

 ചിലപ്പോൾ 

ഞാനൊരു പച്ചപ്പുൽച്ചാടി.

നീ കാണാതെയൊരു 

ചെറുചാറ്റൽമഴ നനയുന്നു.

Wednesday

ആകാശത്തിലേക്കുള്ള 

വഴികളിൽ ഒന്നിൽ 

നക്ഷത്രങ്ങളേയും 
നിഴലുകളേയും 
കേട്ട് 

ഒറ്റയ്ക്കിരിക്കുന്നു 
എന്ന് 
കരുതുമ്പോൾ 

തൊട്ടടുത്ത് 
ഒരാൾ 
വന്നിരിക്കുന്നു 
എന്ന് തോന്നുകയും 

അയാൾ 
ഒരുപാട് 
കാലമായ് 
അടുത്തിരിക്കുന്നു 
എന്നറിയുകയും 

ചെയ്യുമ്പോൾ 
ഉണ്ടാകുന്ന 
ഒരു അതിശയം ഇല്ലേ
 
ആ അതിശയം 

അനുഭവിക്കുന്നു.

 എന്റെയുള്ളിലെ 

കടലുകളിൽ 

കിറുക്കുകളുടെ 

ചെമ്പരത്തിച്ചുഴികൾ.

ഉന്മാദത്തിന്റെ

ഒറ്റവരികൾ മാത്രം 

ഇടയ്ക്ക് 

നാം പങ്കിടുന്നു.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌