Friday

നമുക്കിടയിലിത്രയും വാക്കുകള്‍ പങ്കുവയ്ക്കാനിടയാക്കിയ മായാജാലക്കാരന്‍ ആരായിരിക്കണം?
**

യാത്രയില്‍ ഞങ്ങള്‍ പരസ്പരം കേള്‍വിക്കാരായ്.
ഒരാള്‍ പറഞ്ഞവസാനിപ്പിക്കുന്നയിടത്ത് മറ്റേയാള്‍ തുടങ്ങി.
മൗനവും വാക്കുകളും ഇടവേളകളില്ലാതെ നിറഞ്ഞു.
അല്ലെങ്കിലും
സ്നേഹത്തിലെവിടെയാണ് നീയും ഞാനും?
അല്ലെങ്കിലും
സ്നേഹത്തിലെവിടെയാണ്  മൗനവും വാക്കുകളും?

ചമയങ്ങളില്ലാത്ത
സത്യസന്ധമായ
സ്നേഹം
നിശബ്ദമെങ്കിലും
എന്നോട് സംവദിക്കുന്നു.
അങ്ങനെ എന്നിലെ പ്രണയത്തോട് ഞാന്‍ പറയുന്ന വാക്കുകള്‍ ഏവര്‍ക്കും കേള്‍ക്കാനാവുന്നു.

എന്റെ പ്രണയമാണിത്.
ഞാന്‍ തന്നെയാണിത് !


' എത്ര ചിറകുകളാണ്
നിന്റെ വാക്കുകളുടെ ആകാശത്തെനിയ്ക്ക്
എന്ന്,

എത്രയാത്രകളാണ് നീയെന്ന സഞ്ചാരി
എന്നിലുപേക്ഷിയ്ക്കുന്നത്
എന്ന്,

നീ തൊട്ടാല്‍
തൂവലുകളാകുന്ന മുള്ളുകളേ
ഉള്ളൂ എന്റെയുള്ളിൽ
 എന്ന് '

-പറയാന്‍
എന്റെ പ്രണയമാണിത്.
ഞാന്‍ തന്നെയാണിത് !

ചിറകുകള്‍ക്കുള്ള ആകാശവും
യാത്രകള്‍ക്കുള്ള ദിശയും
വന്യതകള്‍ക്കുള്ള കൊടുങ്കാടും
തിരകളവസാനിയ്ക്കാത്ത മഹാസാഗരവും
ഓര്‍മ്മപ്പെരുക്കങ്ങളുടെ വിസ്ഫോടനങ്ങളും
ഇതാവണം;
ഇതുമാത്രമാവണം!

എന്റെ പ്രണയമാണിത്.
ഞാന്‍ തന്നെയാണിത് !

യാത്രികരേ, പ്രവാചകരേ, തീര്‍ത്ഥാടകരേ
വരിക
ഒരു ശ്വാസത്തിനപ്പുറം
ഒന്നായി തീരുന്ന
സ്നേഹത്തിനും സ്നേഹഭംഗങ്ങള്‍ക്കും ഇടയിലേക്ക് !

എന്റെ പ്രണയമാണിത്.


ഞാന്‍ തന്നെയാണിത് !
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌