Wednesday

എന്നെ ഓർക്കാറുണ്ടോ
പകലുകളിൽ
എന്നെ ഓർക്കാറുണ്ടോ
രാവുകളിൽ

എന്നെ ഓർക്കാറുണ്ടോ
ഏറ്റവും കഠിനമായ പരിശീലങ്ങളിൽ
ഏറ്റവും മടുപ്പിയ്ക്കുന്ന കാവലുകളിൽ
തിളയ്ക്കുന്ന വെയിൽ ചൂടിൽ
കാറ്റിന്റെ ഏറ്റവും ഉച്ചത്തിലുള്ള അനക്കങ്ങളിൽ
വിയർപ്പിന്റെ കപ്പലോട്ടങ്ങളിൽ

എന്നെ ഓർക്കാറുണ്ടോ
ഏറ്റവും  തനിച്ചാകുമ്പോൾ

എന്നെ ഓർക്കാറുണ്ടോ
ഗ്രാമങ്ങൾക്കെഴുതുന്ന കത്തുകളിൽ
നഗരങ്ങളിൽ നിന്ന് വന്നെത്തുന്ന ചിത്രങ്ങളിൽ
മഷിയിലെഴുതിയ കൈപ്പട കാണുമ്പൊൾ
സ്വപ്നങ്ങളെ കവിതകൾ എന്ന് പേരിട്ട് വിളിക്കുമ്പോൾ
ഓർമ്മകളുടെ
അവസാനിക്കാത്ത തീവണ്ടികൾ കടന്നു പോകാൻ കാത്തു നിൽക്കെ

എന്നെ ഓർക്കാറുണ്ടോ
ഒരു റം ബോട്ടിൽ പൊട്ടിയ്ക്കുമ്പോൾ
ലഹരിയുടെ അവസാനത്തെ കുമിളയും പൊട്ടിത്തീരുമ്പോൾ
നാളെ എന്തെന്ന് തീർച്ചപ്പെടുത്താൻ കഴിയാത്ത ഒരുവനാകുമ്പോൾ
ജീവിതം സുഗന്ധമുള്ള ഒരു തൂവാലയല്ലെന്നുറപ്പിയ്ക്കുമ്പോൾ

എന്നെ ഓർക്കാറുണ്ടോ
വിശക്കുമ്പോൾ
വിയർക്കുമ്പോൾ
വീണുപോകുമ്പോൾ

വിശക്കുന്നവരെ
പുതപ്പില്ലാത്തവരെ
വീടില്ലാത്തവരെ
പട്ടിണി പങ്കിടുന്നവരെ
വിള കരിഞ്ഞു പോയവരെ
ചോര പൊടിഞ്ഞവരെ
കാലുകൾ വിണ്ടു കീറിയവരെ
മഴ കാത്തിരിക്കുന്നവരെ
കടൽ തുഴഞ്ഞു പോകുന്നവരെ
മണൽ ചുമക്കുന്നവരെ
കണ്ട് നിൽക്കെ  എന്നെ ഓർക്കാറുണ്ടോ

എന്നെ ഓർക്കാറുണ്ടോ
മനുഷ്യരെ കടന്നു പോകുമ്പോൾ
അതിർത്തികൾ കണ്ടു നിൽക്കെ

പൂക്കൾ കണ്ടിട്ടില്ലാത്തവരെ
കവിതകൾ കേട്ടിരിയ്ക്കാൻ ജീവിതമില്ലാത്തവരെ
പ്രണയമെന്ന വാക്കിൽ നനഞ്ഞു നില്ക്കാൻ ഉടലില്ലാത്തവരെ
നേരിടുമ്പോൾ എന്നെ ഓർക്കാറുണ്ടോ

 മറ്റൊരിയ്ക്കലും തോന്നാത്തവണ്ണം
അത്രയാഴത്തിൽ
അന്നേരങ്ങളിൽ
എന്നെ ഓർക്കുന്നുവെങ്കിൽ
നിന്റെ മറവികളിൽ പോലും
എന്നെ ഓർക്കുന്നുവെന്ന്
എന്റെ മരണത്തിൽ പോലും
നിന്നിലെന്റെ പ്രാണൻ ബാക്കിയാകുമെന്ന്
എനിക്കുറപ്പിക്കാനാവും.

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌