Wednesday

മേഘവേഗത്തില്‍
അസ്തമനത്തില്‍
പടിഞ്ഞാറാകാശത്തേയ്ക്കും
കടത്തുവഞ്ചിയില്‍
പുലര്‍കാലേ
പൂര്‍വ്വദേശത്തേക്കും.

യാത്രയിലാണ്
എന്നിലെ ഞാന്‍.
അസ്തമിച്ചാലും
ഉദിച്ചുയരാനുള്ളതല്ലേ?


എന്നിലെ
ഒരോ യാത്രയുടേയും
ഗതിവേഗം
നീയാണെന്നിരിക്കേ,
ദിശകളെത്ര വേഗമാണ്‌
മാറുന്നത്!


ഒരോ ദേശത്തിനും
നീ
അവിടത്തുകാരനാകുന്നു.
ഒരോ കാലത്തിനും
നീ
പ്രാചീനനും!


ഒരോ ദേശത്തേയ്ക്കും
ഒരോ കാലത്തേയ്ക്കും
നീ
മുന്നേ നടന്ന്
കാത്തിരിക്കുന്നു.
അതാവണം, ഒരോ മരച്ചുവട്ടിലും എനിക്കൊപ്പം
നിന്റെ തണല്‍ കൂടി ഉണ്ടാകാറുള്ളത്.
:-)




('ഒന്നുമൊന്നും സംസാരിക്കാതെയിരിക്കുമ്പോള്‍ ,
ഞാന്‍ വായാടിയും നീ  കേള്‍വിക്കാരനും ആകുന്നു' എന്ന് നിന്റെ സന്ദേശം ഓര്‍ത്തു.
' കാലമെത്രയായി, ഗുഹാവാസികളായിരുന്നില്ലേ നമ്മളന്നെന്ന് ' നീയപ്പോൾ! )

പറഞ്ഞവസാനിപ്പിക്കരുതൊന്നും;
പാതി പറഞ്ഞു നിര്‍ത്തിയിടത്ത്
വാക്കുകള്‍ ചേര്‍ത്തു ചേര്‍ത്തു വെച്ച്
ജന്മജന്മാന്തരത്തോളം
നിനക്ക് കേള്‍വിക്കാരിയായിരിക്കണമെനിയ്ക്ക്.

പറഞ്ഞവസാനിപ്പിയ്ക്കാത്ത കഥകള്‍ക്കിടയിലുറങ്ങി,
ചിലപ്പോള്‍
ഒരു മരം ,
മഴ തുവര്‍ത്തിക്കളയുന്ന പോലെ
അല്ലെങ്കില്‍
ഒരു മരം,
പൂത്തുലയുന്നതു പോലെ
ഉണരുക.

എന്നിലെ ഒരോ ഉദയവും, നീയെന്ന പകലിനുണരാനുള്ളതാണെന്നറിയില്ലേ?

നിശാഗന്ധികളുടെ നാട്ടില്‍
നീയെന്ന സൂര്യനില്‍ തപസ്സിരിയ്ക്കുന്ന സൂര്യകാന്തിപ്പൂക്കളെ
എന്നില്‍ തുന്നിവെച്ച പകലുകളോര്‍മ്മയില്ലേ?


ഒരോ ദിവസവും വ്യത്യസ്തമായിരിക്കണം.

'കൃത്യനിഷ്ഠയുള്ളത് പ്രണയമായാലും വയ്യെന്ന് ' മനസ്സ് പങ്കു വച്ചവനേ,
അനുസരണയില്ലാതെ,
കൃത്യതകളുള്ള കാത്തിരിപ്പില്ലാതെ
ഒരേ സ്നേഹവാചകങ്ങള്‍ പറയാതെ,
സ്നേഹിച്ചു കൊണ്ടേയിരിക്കുക..

:-)

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌