Saturday

 അവളെ സൃഷ്ടിയ്ക്കുമ്പോൾ

ദൈവം

ഒരുപാട് ആലോചിച്ചു.

ഒറ്റവര കൊണ്ട്

അവളെ

ഒരു പുഴയാക്കിയാലോ എന്നോർത്തു.

അഴിമുഖത്ത്

കൈവിടുവിച്ചവൾ

ഓടിപ്പോയാലോ എന്ന്

കണ്ണ് നിറഞ്ഞു.

ഒരു മരമാക്കിയാലോ എന്ന്

ചില്ലകൾ പണിതു.

മഴ നനഞ്ഞ് പനി വരുമെന്ന്

വേഗം

തുവർത്തിയെടുത്തു.

പൂമ്പാറ്റയെന്ന്

ചിറകുകൾ വെച്ചു.

പൂമ്പൊടിയിൽ കളിച്ചെന്ന്

ഒരുവട്ടം തുമ്മി.

മീനായാലോ എന്ന്

കടൽ വരച്ചു.

കണ്ണടച്ചുറങ്ങാതെ എങ്ങനെയെന്നൊരു

താരാട്ടു മൂളി.

പക്ഷിയോ നീ എന്ന്

അവൾക്ക് ചിറകുകൾ തുന്നി.

മേഘത്തിൽ തട്ടി

വിരൽ മുറിഞ്ഞെന്ന് അതിൽ തുപ്പൽ തൊട്ടു.

ഇപ്പോഴും

ഒറ്റക്കുട്ടിയെന്ന്

അവളെ

ഒക്കത്തെടുത്ത്

ദൈവം

കാറ്റിന്റെ തുമ്പ് വിടർത്താനോടും

പുഴയിലോ ഞൊറികളിടും.

മഴയുടെ വിത്തുകളുണക്കും.

എടുത്തുവെച്ച മഞ്ഞമുത്തുകളിൽ

ചിലതിനെ മുക്കുറ്റികളാക്കും

ചിലതിനെ മിന്നാമിന്നികളും.

ചിലതെടുത്ത്

അവൾക്ക് 

മാല കെട്ടും.

അതിനിടയിൽ

അവളെയുമിരുത്തി

സൂര്യന്റെ സൈക്കിളോട്ടും.

ഒരു മഴവില്ല് ദൂരത്തിൽ

അവർ 

മഴ നനഞ്ഞ് നടക്കും.

അതുകൊണ്ടാണ് 

(-ട്ടോ )

അവളിങ്ങനെ...

ചേർത്ത് പിടിക്കുമ്പോൾ

ഒഴുകിയകന്നും

ഓടിപ്പോകെന്ന്

കൈവിടുമ്പോൾ

തിരികെ

പിന്തുടർന്നും

ഓർക്കുമ്പോൾ

മറന്നേ മറന്നെന്ന്

മിണ്ടാതിരുന്നും

മറന്നതെല്ലാം

ഒന്നേ രണ്ടേ എന്ന്

ഓർമ്മകളാൽ നിറച്ചും

കടലുപോലൊരു

ഭൂപടം

നിന്റെ ചുറ്റിലും

സ്നേഹത്താൽ വരച്ചും

അകന്നും

അടുത്തും

അടുത്തുമകന്നുമടുത്തും

ഇങ്ങനെ..

ഇങ്ങനെയിങ്ങനെ....

സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌