Thursday

നീ വരുന്നത് വരെ
ഈ ലോകത്തിന് എന്തൊരു ഏകാന്തയായിരുന്നു.
എനിക്കല്ല;
എനിയ്ക്ക് മാത്രം എല്ലാവരും ഉണ്ടായിരുന്നു.
അമ്മ, അച്ഛൻ, അനിയത്തി, പെണ്മക്കൾ.
കവിതയും ഭാവനയും
കൂട്ടുകാരികളായിരുന്നു.
കഥയൊരു പുഴപോലെ
വീടിനെ വലം വെച്ചൊഴുകിയിരുന്നു.
നീ വന്നപ്പോൾ
ലോകത്തിന് മറ്റൊന്നും വേണ്ട.
എനിക്കല്ല;
എനിക്ക്
എല്ലാം വേണമായിരുന്നു:
നീ പെറുക്കിയെടുക്കുന്ന
മഞ്ചാടിക്കുരുക്കൾ.
നീ നനഞ്ഞു പോകുന്ന
ഞാവൽക്കറ.
നിന്നെ മായ്ചുകളയുന്ന
മഷിത്തണ്ട്.
നീ ഉണർന്നിരിക്കുന്ന
സ്വപ്നം.
നിന്നെ ഉന്മാദിയാക്കുന്ന
നിറങ്ങൾ.
നീ അഴിച്ചു വയ്ക്കാത്ത
വാക്കുകൾ.
എല്ലാം.

എനിക്ക്
നീ വളരുന്ന വിത്തുകളിലൊന്നാകണമായിരുന്നു.
നീ നിറഞ്ഞ കടലുകളിലൊന്നാകണമായിരുന്നു.
നീ  പറക്കുന്ന മേഘങ്ങളിലുറങ്ങണമായിരുന്നു.
നീ ചുണ്ടുകൾ ചേർത്തുപിടിയ്ക്കുന്ന പൂക്കളെല്ലാം
ഞാനാകണമായിരുന്നു.

ഈ ലോകത്തിന് എന്തൊരു വേഗമായിരുന്നു.
എനിക്കല്ല;
ഞാൻ ആമകളുടെ പള്ളിക്കൂടത്തിൽ
ഒച്ചുകളുടെ ഓട്ടം പഠിയ്ക്കുകയായിരുന്നു ,
നിന്നൊപ്പം നടക്കാൻ.

ഞാൻ
ചക്രങ്ങൾ അഴിച്ചുവെച്ച തീവണ്ടിയായിരുന്നു.
ചരടില്ലാത്ത പട്ടവും
ചായമണിയാത്ത മുഖവുമായിരുന്നു.
എനിക്കറിയില്ലേ
നീ വരുന്നത് വരെ
ഏകാന്തതയുടെ കാത്തിരിപ്പിടത്തിൽ
എനിക്ക്
ലോകത്തിന് കൂട്ടിരിയ്ക്കേണ്ടിവരുമെന്ന്,
പേടിക്കേണ്ടെന്ന്
ലോകത്തോടിങ്ങനെ
പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരുമെന്ന്.

നീ വരുന്നത് വരെ
ഈ ലോകത്തിന് എന്തൊരു ഏകാന്തയായിരുന്നു.
എനിക്കല്ല;
എനിയ്ക്ക് മാത്രം നീ വരുമെന്നറിയാമായിരുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌