Thursday

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഒച്ചയുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
കേട്ടതേയില്ലെന്ന് നിശ്ശബ്ദരാകുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
തെളിച്ചമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ലിപികളെല്ലാം
അപരിചിതമെന്ന് കണ്ണുകളടയ്ക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഘനമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ഒരു തൂവലായ്
എളുപ്പം തുഴഞ്ഞു പോകുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ആഴമുള്ള
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
ആരും കാണാത്ത
ആകാശങ്ങളിൽ പാർക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പിടഞ്ഞ
ഏത് വാക്കുണ്ട് മനുഷ്യനിൽ?
എന്നിട്ടും ചിലർ
തീർത്തും സാധാരണമായ മിടിപ്പെന്ന്
നെഞ്ചിൽ ചേർത്ത
വിരലുകൾ തിരിച്ചെടുക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
പൊള്ളിയ
ഏത് വാക്കുണ്ട്  മനുഷ്യനിൽ?
എന്നിട്ടും ചിലർ
ഒരു മഞ്ഞു തുള്ളിയിലെന്നപോൽ
തണുത്ത തപസ്സിരിയ്ക്കുന്നു.

ഇഷ്ടമാണ് എന്ന വാക്കിനേക്കാൾ
ഉച്ചത്തിൽ കരഞ്ഞ
ഏത് വാക്കുണ്ട്
മനുഷ്യനിൽ?
എന്നിട്ടും ചിലർ  ആത്മാവിന്
ചുണ്ടുകളേയില്ലെന്ന്
കള്ളം പറയുന്നു.

ഇഷ്ടമാണ് എന്ന
നിന്റെ വാക്കിനേക്കാൾ
കേൾക്കാതെ പോയ
കാണാതെ പോയ
ആഴ്ന്നുപോയ
തന്റേതാവാത്ത
പിടഞ്ഞ
പൊള്ളിയ
ഉച്ചത്തിൽ കരഞ്ഞ
ഇഷ്ടമാണ് എന്ന
എന്റെ വാക്ക്.

:-(
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌