Tuesday

ജനാലയ്ക്കരികിലേക്ക്
ഒറ്റയ്ക്ക്
എന്നോ മറന്നുവെച്ച കവിത വന്നിരിക്കുന്നു;
കൂട്ടിന്‌ കുസൃതി നിറഞ്ഞ ഒറ്റവരിയുത്തരങ്ങൾ.

ആർക്കുവേണ്ടിയാണ്‌ മനസ്സ് പ്രക്ഷുബ്ദമാകുന്നതും തിരയടങ്ങി ശാന്തമാകുന്നതും?

എങ്കിലും
ഏതെങ്കിലും
മഴപെയ്യുന്ന നേരത്ത് മനസ്സിലേക്കിറങ്ങാൻ
എന്നുമുണ്ടാകും
കുറേ അക്ഷരങ്ങൾ,പേരുകൾ,മുഖങ്ങൾ....

വേനൽ കനത്ത്
മനസ്സ് വേവലാതിപിടിച്ചലയുന്നതിനിടെ
സൗമ്യമായ ശാന്തമായ ഒരു മഴ നിറയുന്നത് നല്ലതു തന്നെ.


എന്നിൽ നീ നിറയുന്നതു പോലെത്തന്നെ.

വീണ്ടും എഴുതാം;
ജനൽ തുറന്നിട്ട് മഴയെ അകത്തുവിളിച്ച്,
അക്ഷരങ്ങൾ നനയ്ക്കാനുള്ള സ്നേഹം മനസ്സിൽ നിറയുന്നതുവരെ നീ കാത്തിരിക്കുമെങ്കിൽ...


രാത്രിയിൽ മഴ നനഞ്ഞ പാലപൂക്കൾക്കിടയിൽ യക്ഷികൾ നീലക്കണ്ണുകൾ പൂട്ടിയുറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് അവരുടെ നിശ്വാസങ്ങൾ വിരഹങ്ങളായ് ജാലകപ്പുറത്ത് തട്ടിത്തടയാറുള്ളത് ഞാൻ അറിഞ്ഞിട്ടുണ്ട്.


ആ നേരങ്ങളിൽ ഞാൻ ഉറങ്ങാതിരിക്കും.
സ്വയം നഷ്ടപ്പെടുത്തത് അങ്ങനെയാണ്‌.
അതിനായാണ്‌ ഞാൻ വന്നത്-
മഴയിൽ
മഴയോടൊപ്പം.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌