Wednesday


പലതട്ടുകളുള്ള
കത്തിച്ചു വെച്ച രാത്രി വിളക്കു പോലെ 
നഗരം.
നാം തീരമടുക്കുന്ന നാവികർ.
യാത്ര പറയാൻ വാക്കുകൾ 
തേടുന്നവർ.

ചോദിക്കട്ടെ, 
ഞാൻ നിന്നോട് :

ഒറ്റകോശത്തിന്റെ തുടിപ്പിൽ നിന്ന് 
അനിശ്ചിതമായ ഏതോ നിമിഷം 
നിശ്ചലമാകാൻ ചലിക്കുന്ന 
ഒരു സമയസൂചിയാണ് ജീവിതമെന്ന് 
നീ കരുതുന്നുണ്ടോ?
മരണത്തിന് തൊട്ടുമുൻപിലെ 
ആ നിമിഷം 
വീണ്ടും 
ഭ്രൂണാവസ്ഥയിലേക്ക് 
തിരിച്ചു പോകുന്ന ഒരു പെൻഡുലമായ് 
നീ പ്രാണനെ സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ?
എണ്ണമറ്റ ആന്ദോളനങ്ങൾ 
അപ്രകാരം സാധ്യമാകുന്ന ഒരു ജീവൻ?

കൗതുകങ്ങളുടെ
കലഹങ്ങളുടെ 
കാമനകളുടെ 
കലാപങ്ങളുടെ 
തിരയനക്കങ്ങളിൽ നിന്ന് 
ഒരു ഗർഭപാത്രത്തിലേക്കെന്നത് പോലെ 
സമുദ്രാന്തർഭാഗത്തേക്ക് 
ഒരു പുതിയ ജീവന്റെ ഉറവിടമാകാനുള്ള 
പ്രാർത്ഥനകളിലേക്ക് 
മടങ്ങാൻ കഴിയുന്ന 
ഒരു കടൽജീവി?

ഓരോയിടത്തും
തന്നെ കാത്തിരിക്കുന്ന 
സാഹസികതകളിലേക്ക് 
ഇണയിലേക്ക് 
ശത്രുവിലേക്ക് 
ഒരു സമുദ്രതീരത്ത് നിന്ന് 
മറ്റൊരു ഭൂഖണ്ഡത്തിലെ തുറമുഖത്തേക്ക് 
യാത്രപുറപ്പെടുന്ന കപ്പൽ പോലെ 
പൂർണ്ണവളർച്ചയിൽ നിന്ന് 
ജീവന്റെ ആദ്യകോശത്തിലേക്ക് 
എളുപ്പം തിരിച്ചു പോകാനാകുന്ന 
ഒരു സഞ്ചാരി?

വിരലുകൾ കൊണ്ട് 
നീ എന്നിൽ നൃത്തം തുടരുന്നു:

നാം 
മരണമില്ലാത്ത 
പ്രണയദ്രവം ഉള്ളിൽ നിറച്ച അതേ ഉടലുകൾ !

യാത്ര പറയുന്നില്ല...

പരസ്‍പരം കാത്തിരിക്കുന്ന 
തുറമുഖങ്ങൾ പോലെ 
വേർപിരിയുന്നു..



സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌